ക്ഷേത്രത്തിന്റെ ഉത്ഭവം
മലപ്പുറം ജില്ലയിലെ തവനൂരിൽ, ഭാരതപ്പുഴയുടെ (നിള) തീരത്താണ് ബ്രഹ്മക്ഷേത്രം. പഴയ രേഖകളിൽ ഈ ക്ഷേത്രം “മണ്ണിൽ തൃക്കോവിൽ” എന്ന പേരിലാണ് അറിയപ്പെടുന്നത്. തപസ്വികളുടെ നാട് എന്ന അർത്ഥത്തിൽ “താപസനൂർ” എന്നായിരുന്നു തവനൂരിന്റെ പഴയ പേര്.
ഐതിഹ്യപ്രകാരം, ഗോകർണത്തുനിന്ന് മഴുവെറിഞ്ഞ് കേരളം വീണ്ടെടുത്ത പരശുരാമൻ ആ ഭൂമി ബ്രാഹ്മണർക്ക് ദാനം ചെയ്തു. തുടർന്ന്, പുതിയ ഭൂമിയെ ശുദ്ധീകരിക്കാൻ ത്രിമൂർത്തികളുടെ സാന്നിധ്യത്തിൽ തിരുമൂർത്തിമലയിൽ ഒരു മഹായാഗം ആരംഭിച്ചു. പക്ഷേ, ആ യാഗം മുടങ്ങിപ്പോയി.
യാഗം മുടങ്ങാനുള്ള കാരണം തേടിയ പരശുരാമനോട്, ആദിപരാശക്തിയുടെ സാന്നിധ്യമുള്ള താപസനൂരിലാണ് യാഗം നടക്കേണ്ടതെന്ന് സപ്തർഷികൾ നിർദ്ദേശിച്ചു. അങ്ങനെ യാഗത്തിന്റെ അധ്യക്ഷനായ ബ്രഹ്മദേവൻ ഇരുന്ന സ്ഥാനമാണ് ഇന്നത്തെ ബ്രഹ്മക്ഷേത്രം. യാഗത്തിനെഴുന്നള്ളിയ മഹാവിഷ്ണു ലക്ഷ്മീസമേതനായി പുഴയ്ക്കക്കരെ തിരുനാവായിലെ നാവാമുകുന്ദനായും, ശിവൻ പാർവതീസമേതനായി സമീപത്തെ മഹാദേവക്ഷേത്രത്തിലും കുടികൊള്ളുന്നു.
ബ്രഹ്മക്ഷേത്രം, നാവാമുകുന്ദ ക്ഷേത്രം, മഹാദേവക്ഷേത്രം എന്നിവ ഭാരതപ്പുഴയെ ചുറ്റി ഒരു ത്രികോണം പോലെയാണ് സ്ഥിതി ചെയ്യുന്നത്.
ബ്രഹ്മക്ഷേത്രങ്ങൾ അപൂർവമാകാൻ കാരണം
ശിവപുരാണത്തിലെ ഒരു കഥയാണ് ഇതിന് പിന്നിൽ. ശിവലിംഗത്തിന്റെ ആദിയും അന്തവും കണ്ടെത്താൻ ബ്രഹ്മാവും വിഷ്ണുവും യാത്ര തിരിച്ചു – ബ്രഹ്മാവ് മുകളിലേക്കും, വിഷ്ണു താഴേക്കും. ഇരുവർക്കും അത് കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ ശിവന്റെ ശിരസ്സിൽ നിന്ന് വീണ കൈതപ്പൂവിനെ സാക്ഷിയാക്കി, താൻ ശിരസ്സ് കണ്ടെന്ന് ബ്രഹ്മാവ് അസത്യം പറഞ്ഞു. അസത്യം പറഞ്ഞ തല ശിവൻ നീക്കം ചെയ്തു; അങ്ങനെ അഞ്ചു മുഖങ്ങളുണ്ടായിരുന്ന ബ്രഹ്മാവ് ചതുർമുഖനായി. സത്യമാണ് ശാശ്വതം, അസത്യം സ്ഥായിയല്ല – ഇതാണ് ഈ കഥയുടെ സന്ദേശം. നൂറ്റാണ്ടുകളോളം പൂജയും ആരാധനയും ഇല്ലാതെ പോകട്ടെ എന്ന ശാപവും ബ്രഹ്മാവിന് ലഭിച്ചു.
അതുകൊണ്ടുതന്നെ, ബ്രഹ്മദേവന് നിത്യപൂജയുള്ള ക്ഷേത്രങ്ങൾ ഭാരതത്തിൽ വിരളമാണ്. ഭാരതത്തിലെ രണ്ടു ബ്രഹ്മക്ഷേത്രങ്ങളിൽ ഒന്നാണ് തവനൂർ ബ്രഹ്മക്ഷേത്രം; മറ്റൊന്ന് രാജസ്ഥാനിലെ പുഷ്കറിലാണ്. ദക്ഷിണേന്ത്യയിലെ ഏക ബ്രഹ്മക്ഷേത്രവും ഇതുതന്നെ.
തവനൂർ മനയും ഊരായ്മയും
നൂറ്റാണ്ടുകളായി ക്ഷേത്രത്തിന്റെ ഊരായ്മ തവനൂർ മനയ്ക്കാണ്. ഭാർഗവ (പരശുരാമ) ഗോത്രത്തിൽപ്പെട്ടവരാണ് തവനൂർ മനക്കാർ; പരശുരാമനുമായുള്ള ഈ ബന്ധമാകാം ക്ഷേത്രത്തിന്റെ ഊരായ്മ മനയിലെത്താൻ കാരണം.
സാമൂതിരിമാരുടെ അരിയിട്ടുവാഴ്ച നടത്താൻ അധികാരമുണ്ടായിരുന്ന എട്ട് ഇല്ലങ്ങളിൽ ഒന്നായിരുന്നു തവനൂർ മന. ചേരമാൻ പെരുമാക്കന്മാരുടെ കാലം മുതൽ മനയിലെ കാരണവന്മാർക്ക് “ചുമരൻ” (ദേശച്ചുമരൻ, കോട്ടച്ചുമരൻ) എന്ന സ്ഥാനപ്പേരും ഉണ്ടായിരുന്നു. വെട്ടത്തുനാട് രാജാവിൽ നിന്ന് വൈശ്രവണ ക്ഷേത്രം ഉൾപ്പെടെ പല ക്ഷേത്രങ്ങളും മനയ്ക്ക് ലഭിച്ചിട്ടുണ്ട്. മാഘമകവുമായും മനയ്ക്ക് പ്രാമാണികമായ ബന്ധമുണ്ടായിരുന്നു.
ടിപ്പുവിന്റെ പടയോട്ടക്കാലത്ത് തിരുനാവായ ഉൾപ്പെടെയുള്ള പരിസരക്ഷേത്രങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും ബ്രഹ്മക്ഷേത്രം സുരക്ഷിതമായി നിലനിന്നു. പ്രദേശത്തെ മുസ്ലിം സഹോദരങ്ങൾ മനയ്ക്കും ക്ഷേത്രത്തിനും സംരക്ഷണമായി നിന്നുവെന്നാണ് പഴമക്കാർ പറയുന്നത് – ഈ നാടിന്റെ മതമൈത്രിയുടെ മഹത്തായ മാതൃക.
ഭാരതപ്പുഴയും സപ്തനദികളും
പരശുരാമന്റെ യാഗവേളയിൽ യജമാനപത്നിയായ സരസ്വതീദേവിക്ക് എത്താൻ കഴിയാതെ വന്നപ്പോൾ, ഗായത്രീദേവി ബ്രഹ്മാവിനൊപ്പം ഇരുന്നു. ഇതു കണ്ട് കുപിതയായ സരസ്വതി ഗായത്രിയെ നദിയായി മാറാൻ ശപിച്ചു; ഗായത്രി സരസ്വതിയെയും. അങ്ങനെ ഗായത്രിപ്പുഴയും, സരസ്വതിയോടൊപ്പം ലക്ഷ്മിയും പാർവതിയും ചേർന്നൊഴുകിയ “പ്രതീചി” നദിയും ഉണ്ടായി. ഇവ ഒന്നുചേർന്നൊഴുകുന്നതാണ് ഭാരതപ്പുഴ.
ഗംഗ, യമുന, ഗോദാവരി, സരസ്വതി, നർമദ, സിന്ധു, കാവേരി – ഭാരതത്തിലെ സപ്തനദികളുടെയും സാന്നിധ്യം ഇവിടെയുണ്ടെന്നാണ് വിശ്വാസം; “ഭാരതപ്പുഴ” എന്ന പേരിന്റെ പൊരുളും ഇതുതന്നെ. ഇവിടെ ബലിതർപ്പണം ഉൾപ്പെടെയുള്ള കർമങ്ങൾ മോക്ഷദായകമെന്ന് കരുതപ്പെടുന്നു.
ഈ നദീദേവിമാരെ ആരാധിക്കുന്ന മാഘമകമാണ് പിൽക്കാലത്ത് ചേര-ചോള-പാണ്ഡ്യ രാജാക്കന്മാർ ഒത്തുചേർന്ന മാമാങ്കമായി വളർന്നത്. പിന്നീട് മൈസൂർ ആക്രമണവും ബ്രിട്ടീഷ് ഭരണവും വന്നതോടെ മാമാങ്കം നിലച്ചു.
ക്ഷേത്ര നിർമിതി
ക്ഷേത്രത്തിലെ ഏറ്റവും പഴക്കമുള്ള നിർമിതി ബ്രഹ്മദേവന്റെ വട്ടശ്രീകോവിലാണ്. ഇത്തരം വട്ടശ്രീകോവിലുകൾക്ക് ആയിരക്കണക്കിന് വർഷത്തെ പഴക്കമുണ്ടെന്ന് കണക്കാക്കപ്പെടുന്നു.
ഭാരതപ്പുഴയിലിറങ്ങി നോക്കുമ്പോൾ, പുഴയുടെ ഏതാണ്ട് നടുവിലാണ് ഭഗവാന്റെ പ്രതിഷ്ഠ എന്ന് തോന്നും; പണ്ട് പുഴ ഇതുവഴി ഒഴുകിയിരുന്നിരിക്കാം. പുഴയുടെ ഗതിമാറ്റത്തിൽ ക്ഷേത്രത്തിന്റെ ചില ഭാഗങ്ങൾ നശിച്ചപ്പോൾ, ഏകദേശം 300–400 വർഷം മുമ്പ് തവനൂർ മന വശങ്ങൾ കല്ലുകെട്ടി പടവുകൾ നിർമിച്ച് ക്ഷേത്രം സംരക്ഷിച്ചു.
